Tuesday, 14 May 2013

സിരിക്ക് വെല്ലുവിളിയായി ഐഫോണിലേക്ക് ഗൂഗിള്‍ നൗ


By on 15:34

ഐഫോണില്‍ ആപ്പിള്‍ അവതരിപ്പിച്ച സിരിക്ക് ബദലായാണ് ഒന്‍പത് മാസം മുമ്പ് ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഗൂഗിള്‍ നൗ എത്തിയത്. ഇപ്പോഴിതാ സിരിയുടെ തട്ടകമായ സാക്ഷാല്‍ ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്ക് തന്നെ ഗൂഗിള്‍ നൗ എത്തുന്നു. ഐഫോണിലും ഐപാഡിലും ഇനി ഗൂഗിള്‍ നൗവിന്റെ സേവനം ലഭിക്കും.

'ചോദിക്കുംമുമ്പ് ഉത്തരം നല്‍കുന്ന'തെന്ന വിശേഷണമുള്ള സര്‍വീസാണ് ഗൂഗിള്‍ നൗ ( Google Now ). ഇത്രനാളും ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഒഎസ് ഉപയോഗിക്കുന്ന ഫോണുകളില്‍ മാത്രമാണ് ഗൂഗിള്‍ നൗ ലഭ്യമായിരുന്നത്.

ഗൂഗിള്‍ നൗ സര്‍വീസ് അതിന്റെ യഥാര്‍ഥ രൂപത്തിലല്ല ഐഒഎസ് പ്ലാറ്റ്‌ഫോമിലേക്ക് ചെക്കേറുന്നത്. ഐഫോണിനും ഐപാഡിനുമായുള്ള ഗൂഗിള്‍ സെര്‍ച്ച് ആപിന്റെ പുതിയ വകഭേദത്തിലാണ് ഗൂഗിള്‍ നൗ ഉള്‍പ്പെടുത്തിയിട്ടുള്ളത്. തിങ്കളാഴ്ച മുതല്‍ അത് ആപ്പിള്‍ സ്റ്റോറില്‍ ലഭിച്ചു തുടങ്ങി.

ആവശ്യമുള്ള വിവരങ്ങള്‍ ചോദിച്ചാല്‍ പറഞ്ഞു തരുന്ന പേഴ്‌സണല്‍ ഡിജിറ്റല്‍ സഹായിയാണ് സിരി ( Siri ). അതേപോലെ, കാലാവസ്ഥാ അപ്‌ഡേറ്റുകള്‍ മുതല്‍ ട്രാഫിക് വിവരങ്ങള്‍ വരെ നൊടിയിടയില്‍ എത്തിച്ചു തരുന്ന സര്‍വീസാണ് ഗൂഗിള്‍ നൗ. സിരിക്ക് ബദലാണ് ഗൂഗിള്‍ നൗ എന്ന് ഗൂഗിള്‍ അവകാശപ്പെട്ടിട്ടില്ലെങ്കിലും, സംഗതി അതാണെന്ന് ഉപയോഗിക്കുന്നവര്‍ക്കറിയാം.

ഐഫോണിലും ഐപാഡിലും മുന്‍കൂര്‍ ലോഡ് ചെയ്ത നിലയില്‍ ലഭിക്കുന്ന സിരി, ലോകത്തെ നമ്പര്‍ വണ്‍ സെര്‍ച്ച് എന്‍ജിനായ ഗൂഗിളിന് ഭീഷണിയാണെന്ന് പലരും വിലയിരുത്തിയിട്ടുള്ള സര്‍വീസാണ്. അറിയേണ്ട വിവരങ്ങള്‍ സിരി നല്‍കുമെങ്കില്‍, യൂസര്‍മാര്‍ക്ക് ഗൂഗിളില്‍ പരതേണ്ട ആവശ്യമില്ലല്ലോ.

അതേസമയം, യൂസര്‍ക്ക് ഒരു കാര്യം തിരയാന്‍ ക്വറി ടൈപ്പ് ചെയ്യേണ്ട ആവശ്യം ഗൂഗിള്‍ നൗവിലില്ല. സെര്‍ച്ച് സങ്കേതത്തിന്റെ പരിണാമത്തിലെ അടുത്ത ഘട്ടമാണ് ഗൂഗിള്‍ നൗ എന്ന് ഗൂഗിളിന്റെ മൊബൈലിനായുള്ള സെര്‍ച്ച് ആന്‍ഡ് അസിസ്റ്റ് വൈസ് പ്രസിഡന്റ് ജോഹന്ന റൈറ്റ് പറഞ്ഞു.

വെബ്ബ് സെര്‍ച്ച് മുതല്‍ ജിമെയില്‍, ഗൂഗിള്‍ കലണ്ടര്‍ തുടങ്ങി ഗൂഗിളിന്റെ ഒട്ടേറെ ഓണ്‍ലൈന്‍ സര്‍വീസുകളെ കൂട്ടിയിണക്കിയാണ് ഗൂഗിള്‍ നൗ സങ്കേതം പ്രവര്‍ത്തിക്കുന്നത്. യൂസര്‍ക്ക് പ്രയോജനപ്പെടുന്ന നിര്‍ദേശങ്ങള്‍ നല്‍കാനും ഗൂഗിള്‍ നൗവിനാകും.

ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഗൂഗിള്‍ നൗ ആപില്‍ നേരിട്ട് പോയി അതിന്റെ സേവനം തേടാം. എന്നാല്‍, ഐഫോണിലും ഐപാഡിലും ഗൂഗിള്‍ സെര്‍ച്ച് ആപിനുള്ളില്‍ പോയി നോക്കിയാലേ ഗൂഗിള്‍ നൗ കാണൂ.

ഗൂഗിളും ആപ്പിളും തമ്മില്‍ അരങ്ങേറുന്ന കിടമത്സരത്തിന്റെ മുഖ്യവേദി സ്മാര്‍ട്ട്‌ഫോണ്‍ രംഗമാണ്. ഗൂഗിളിന്റെ മാപ്‌സ് സര്‍വീസ് ഐഫോണിലും ഐപാഡിലും ഉപയോഗിക്കേണ്ടതില്ലെന്ന് കഴിഞ്ഞ വര്‍ഷം ആപ്പിള്‍ തീരുമാനിച്ചിരുന്നു. അതിന് പകരം ആപ്പിള്‍ രംഗത്തിറക്കിയ മാപ് സര്‍വീസില്‍ ഒട്ടേറെ പിശകുകള്‍ കടന്നുകൂടിയത് വലിയ വിവാദത്തിന് ഇട നല്‍കിയിരുന്നു.

About Syed Faizan Ali

Faizan is a 17 year old young guy who is blessed with the art of Blogging,He love to Blog day in and day out,He is a Website Designer and a Certified Graphics Designer.

0 comments:

Post a Comment