Tuesday, 14 May 2013

കീടങ്ങളെ തിന്ന് ആരോഗ്യവാന്മാരാകാന്‍ യു.എന്‍. ആഹ്വാനം


By on 14:56

ന്യൂയോര്‍ക്ക്: ലോകം നേരിടുന്ന ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ കീടങ്ങളേയും ഷഡ്പദങ്ങളേയും കൂടുതലായി ആഹാരപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഐക്യരാഷ്ട്രസഭ നിര്‍ദേശിക്കുന്നു. ലോകത്ത് ഇരുപതു ദശലക്ഷത്തിലേറെപ്പേര്‍ ഇപ്പോള്‍ത്തന്നെ കീടാഹാരികളാണ്. പോഷകങ്ങളുടെ കലവറയാണെന്നു മാത്രമല്ല, ഭക്ഷണപദാര്‍ഥം എന്ന നിലയ്ക്ക് അവയില്‍ മാലിന്യവും കുറയും- യു.എന്നിന്റെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.

കീടങ്ങളോടുള്ള അറപ്പാണ് അവയില്‍നിന്ന് ആളുകളെ അകറ്റുന്നത്. എന്നാല്‍ കീടങ്ങളില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങളെക്കുറിച്ചറിയുമ്പോള്‍ ഈ അറപ്പും വെറുപ്പുമെല്ലാം ഇല്ലാതാക്കാവുന്നതേയുള്ളൂ. ഉദാഹരണത്തിന് 100 ഗ്രാം മാട്ടിറച്ചിയില്‍ 27 ഗ്രാം പ്രോട്ടീനാണുള്ളത്. എന്നാല്‍ നൂറുഗ്രാം ശലഭപ്പുഴുവില്‍ പ്രോട്ടീന്‍ 28 ഗ്രാമിലധികംവരും. മാട്ടിറച്ചിയില്‍ കാല്‍സ്യത്തിന്റെ അളവ് പൂജ്യമായിരിക്കുമ്പോള്‍, ഒരു പച്ചത്തുള്ളനില്‍ അത് 35 ഉം ചാണകവണ്ടില്‍ 30 ഉം ഗ്രാമാണ്. മാട്ടിറച്ചി നൂറുഗ്രാമില്‍ നാലില്‍ താഴെമാത്രമുള്ള ഇരുമ്പ് ശലഭപ്പുഴുവില്‍ 36 ഗ്രാമോളം വരും.

കീടങ്ങളുടെ സുലഭതയും അവയുടെ വംശവര്‍ധനക്ഷമതയും റിപ്പോര്‍ട്ട് അടിവരയിടുന്നു. മാത്രമല്ല അവയെ തീറ്റിപ്പോറ്റാനും എളുപ്പമുണ്ട്. ഒരു ചീവീടിന് ആവശ്യമായ തീറ്റയുടെ 12 മടങ്ങ് തീറ്റ കിട്ടിയാലേ ഒരു പശുവിന് ആ ചീവീടിലുള്ള അളവോളം പോഷകങ്ങള്‍ സ്വന്തം ശരീരത്തില്‍ ഉണ്ടാക്കാന്‍ കഴിയൂ. കീടങ്ങളുടെ വിസര്‍ജ്യത്തിലുള്ള അമോണിയയുടെ അളവ് മറ്റു മാംസദാതാക്കളേക്കാള്‍ കുറവാണെന്നും അവയില്‍നിന്ന് ബഹിര്‍ഗമിക്കുന്ന ഹരിതഗൃഹവാതകങ്ങള്‍ മറ്റുള്ളവയെ അപേക്ഷിച്ച് തുച്ഛമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

കീടങ്ങളേയും ഷഡ്പദങ്ങളേയും വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്തി വില്പനനടത്തുന്ന കമ്പനികള്‍ രംഗത്തുവന്നിട്ടുണ്ടെന്നും ഈ നില പുരോഗമിച്ചാല്‍ ലോകത്ത് പട്ടിണിയാല്‍ ഉഴലുന്ന കുട്ടികള്‍ക്ക് കീടാഹാരം നല്‍കി അവരുടെ പോഷകക്കുറവ് പരിഹരിക്കാവുന്നതേയുള്ളൂ എന്നും യു.എന്‍. പറയുന്നു. അമേരിക്കന്‍ ജനതയുടെ ശാപമായ ദുര്‍മേദസ്സിനും കീടാഹാരം ഒരു പരിഹാരമാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

About Syed Faizan Ali

Faizan is a 17 year old young guy who is blessed with the art of Blogging,He love to Blog day in and day out,He is a Website Designer and a Certified Graphics Designer.

0 comments:

Post a Comment