ഇസ്‌ലാമാബാദ്/ വാഷിങ്ടണ്‍: പാകിസ്താന്‍ ദേശീയ അസംബ്ലിയിലേക്കു നടന്ന പൊതുതിരഞ്ഞെടുപ്പില്‍ 122 സീറ്റുകള്‍ നേടി നവാസ് ഷെരീഫിന്റെ പാര്‍ട്ടി പി.എം.എല്‍.-എന്‍. ഏറ്റവും വലിയ ഒറ്റക്കക്ഷിയായെന്ന് ഇലക്ഷന്‍ കമ്മീഷന്‍ ഔദ്യോഗികമായി അറിയിച്ചു. എതിര്‍ കക്ഷികളായ പി.പി.പി. 31 സീറ്റും ഇമ്രാന്‍ഖാന്റെ പി.ടി.ഐ. 26 സീറ്റും നേടി. മുത്താഹിതാ ക്വാമി മൂവ്‌മെന്‍റിന് 16 സീറ്റ്, ജമായത്ത് ഉലമ-ഇ-ഇസ്‌ലാമിന് 10, സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ 25 എന്നിങ്ങനെയാണ് ബാക്കി സീറ്റ് നില. ബലൂചിസ്താന്‍, പഞ്ചാബ്, സിന്ധ് പ്രവിശ്യകളിലായി 18 സീറ്റുകളിലെ ഫലം കൂടി പ്രഖ്യാപിക്കാനുണ്ട്.
സ്വതന്ത്രര്‍, ചില ചെറിയ പാര്‍ട്ടികള്‍ എന്നിവയുടെ സഹായത്തോടെ കേവലഭൂരിപക്ഷത്തിനുവേണ്ടിയുള്ള 137 എന്ന സംഖ്യ തികയ്ക്കാനുള്ള ശ്രമത്തിലാണ് നവാസ് ഷെരീഫ്. അതിനിടെ, പി.എം.എല്‍.-എന്‍. നേതാക്കളായ അഹ്‌സാന്‍ ഇക്ബാല്‍, കവാജ ആസിഫ് എന്നിവരിലൊരാള്‍ വിദേശകാര്യ മന്ത്രിയാകുമെന്നുറപ്പായി. ഇരുവരും മുന്‍ പ്രധാനമന്ത്രി യൂസഫ് റാസാ ഗീലാനിയുടെ മന്ത്രിസഭയില്‍ കുറച്ചുകാലം മന്ത്രിമാരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇക്ബാല്‍ പി.എം.എല്‍.-എന്‍. വക്താക്കളിലൊരാള്‍ കൂടിയാണ്.
ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ ചര്‍ച്ചയ്ക്കു ക്ഷണിക്കാനുള്ള നവാസ് ഷെരീഫിന്റെ തീരുമാനം ശുഭലക്ഷണമാണെന്ന് അമേരിക്ക വ്യക്തമാക്കി. പാകിസ്താനിലെ പുതിയ സര്‍ക്കാറുമായി ചേര്‍ന്നുപ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്നും അമേരിക്കന്‍ വക്താവ് ജെന്‍ സാകി അറിയിച്ചു.
0 comments:
Post a Comment