കൊച്ചി: പാലക്കാട് സമ്പത്ത് കസ്റ്റഡി മരണക്കേസിലെ പ്രതിസ്ഥാനത്തുനിന്ന് അഡീഷണല്‍ ഡി.ജി.പി. മുഹമ്മദ് യാസിനെയും ഡി.ഐ.ജി. വിജയ് സാഖറയെയും ഒഴിവാക്കിയ സി. ബി. ഐ. കുറ്റപത്രം കോടതി ചൊവ്വാഴ്ച തള്ളി. കൊലപാതകത്തില്‍ ഇവര്‍ക്ക് പങ്കുണ്ടോയെന്ന് സി.ബി.ഐ. അന്വേഷിക്കണമെന്ന് കോടതി ഉത്തരവിട്ടു.
സി.ബി.ഐ. നടത്തിയിട്ടുള്ള അന്വേഷണം അപൂര്‍ണവും വിശ്വാസയോഗ്യവുമല്ലെന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ഇ.സി. ഹരിഗോവിന്ദന്‍ നിശിതമായി കുറ്റപ്പെടുത്തി. ''അന്വേഷണത്തില്‍ നിരവധി പിഴവുകള്‍ കാണുന്നുണ്ട്. അതിനാല്‍, അര്‍ഥവത്തായ തുടരന്വേഷണം നടത്തി റിപ്പോര്‍ട്ട് സി.ബി.ഐ. ഫയല്‍ ചെയ്യണം'' - കോടതി ഉത്തരവില്‍ വ്യക്തമാക്കി.
ഹൈക്കോടതിയുടെ ഉത്തരവനുസരിച്ചാണ് പാലക്കാട് പുത്തൂര്‍ ഷീല വധക്കേസിലെ പ്രതി സമ്പത്ത് പോലീസ്‌ലോക്കപ്പില്‍ കൊല്ലപ്പെട്ടത് സി.ബി.ഐ. അന്വേഷിച്ചത്. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ നല്‍കിയ പ്രഥമവിവര റിപ്പോര്‍ട്ടനുസരിച്ച് അന്നത്തെ തൃശ്ശൂര്‍ ഐ.ജി. മുഹമ്മദ് യാസിനും പാലക്കാട് എസ്.പി. വിജയ് സാഖറെയ്ക്കും എതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു.
എന്നാല്‍, കേസന്വേഷണം പൂര്‍ത്തിയാക്കി കഴിഞ്ഞവര്‍ഷം സപ്തംബറില്‍ കുറ്റപത്രം നല്‍കിയപ്പോള്‍ മുഹമ്മദ് യാസിനും വിജയ് സാഖറെയ്ക്കും എതിരെ കൊലക്കുറ്റത്തിന് തെളിവില്ലെന്ന് സി.ബി.ഐ. പറഞ്ഞു. ഇരുവരെയും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടിയെയാണ് സമ്പത്തിന്റെ സഹോദരന്‍ മുരുകേശന്‍ ചോദ്യം ചെയ്തത്. ഐ. പി.എസ്. ഉന്നത ഉദ്യോഗസ്ഥരായവരെ ദുരുദ്ദേശ്യപരമായി പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കിയത് റദ്ദാക്കി ഫലപ്രദമായ അന്വേഷണം നടത്തണമെന്ന് മുരുകേശന്റെ അഭിഭാഷകന്‍ ജിയോ പോള്‍ വാദിച്ചത് സ്വീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. കേസില്‍ ഒട്ടാകെ 30-ഓളം പ്രതികളുണ്ട്. അതില്‍ മുഹമ്മദ് യാസിന്‍, വിജയ് സാഖറെ എന്നിവരുള്‍പ്പെടെ 17 പേരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ കുറ്റപത്രം സി.ബി.ഐ.ക്കുതന്നെ തിരിച്ചുനല്‍കാന്‍ കോടതി ചൊവ്വാഴ്ച ഉത്തരവിട്ടു. ക്രിമിനല്‍ നടപടിക്രമം അനുസരിച്ചുള്ള തുടരന്വേഷണമാണ് സി.ബി.ഐ. ഇനി നടത്തേണ്ടത്.
2010 ജനവരി 29-നാണ് പാലക്കാട് പോലീസിന്റെ കസ്റ്റഡിയില്‍ വച്ച് സമ്പത്ത് കൊല്ലപ്പെട്ടത്. പ്രതിയെ ചോദ്യം ചെയ്യുന്നതിനായി ജലസേചന വകുപ്പിന്റെ റിവര്‍സൈഡ് കോട്ടേജില്‍ കൊണ്ടുപോയിരുന്നു. അവിടെവെച്ച് പ്രതിയെ പോലീസുദ്യോഗസ്ഥരും കോണ്‍സ്റ്റബിള്‍മാരുംചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് ആദ്യം കേസന്വേഷിച്ച ക്രൈംബ്രാഞ്ച് ആരോപിച്ചത്. അന്വേഷണം സി.ബി.ഐ. ഏറ്റെടുത്ത് നല്‍കിയ പ്രഥമവിവര റിപ്പോര്‍ട്ടില്‍ പ്രതിപ്പട്ടികയില്‍ മുഹമ്മദ് യാസിനും വിജയ് സാഖറെയും ഉള്‍പ്പെട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ സി.ബി.ഐ. അഡീഷണല്‍ എസ്പി ഹരിദത്ത് ആത്മഹത്യ ചെയ്തശേഷം അഡീഷണല്‍ എസ്.പി. ജയകുമാര്‍ അന്വേഷണം ഏറ്റെടുത്തു. കുറ്റപത്രം നല്‍കിയപ്പോള്‍ മുഹമ്മദ് യാസിനെയും വിജയ് സാഖറെയെയും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി.
അന്വേഷണം അപൂര്‍ണമെന്ന് മുരുകേശന്‍ ആരോപിക്കുന്നത് പരിശോധിച്ചുകൊണ്ട് സമ്പത്തിനെ ചോദ്യംചെയ്ത റിവര്‍സൈഡ് കോട്ടേജില്‍ മുഹമ്മദ് യാസിന്റെയും വിജയ് സാഖറെയുടെയും സാന്നിധ്യം തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ഉത്തരവില്‍ പറഞ്ഞു. റിവര്‍സൈഡ് കോട്ടേജിലേക്ക് സമ്പത്തിനെ പോലീസ് കൊണ്ടുപോകേണ്ടിയിരുന്ന ഒരു സാഹചര്യവും കാണുന്നില്ലെന്ന് കോടതി പറഞ്ഞു. ഒറ്റപ്പെട്ട ഒരു സ്ഥലത്തേക്ക് പ്രതിയെ കൊണ്ടുപോയി ചോദ്യംചെയ്തപ്പോള്‍ മുഹമ്മദ് യാസിന്റെയും വിജയ് സാഖറെയുടെയും സാന്നിധ്യത്തെക്കുറിച്ച് ഫലപ്രദമായ അന്വേഷണം സി.ബി.ഐ. നടത്തിയിട്ടില്ലെന്ന് കോടതി പറഞ്ഞു. അന്വേഷണത്തിലെ സുപ്രധാനമായ ഒരു വീഴ്ചയാണിത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം യാസിന്‍ തന്റെ കൈയിലുള്ള ബാറ്റണ്‍ കൊണ്ട് സമ്പത്തിനെ പരിക്കേല്പിച്ചതായും കാണുന്നുണ്ട്. എന്നിട്ടും അതേക്കുറിച്ച് ശാസ്ത്രീയമായ അന്വേഷണം നടത്താനോ ബാറ്റണ്‍ തൊണ്ടിയായി പിടിച്ചെടുക്കാനോ സി.ബി.ഐ.ക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി പറഞ്ഞു.
മുഹമ്മദ് യാസിന്‍ ഇപ്പോള്‍ കൊച്ചി കാക്കനാട് കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് എം.ഡി.യാണ്. വിജയ് സാഖറെ കേന്ദ്ര സര്‍വീസില്‍ ഡെപ്യൂട്ടേഷനിലാണ്.
0 comments:
Post a Comment