മുംബൈ; പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും സാമൂഹികശാസ്ത്രജ്ഞനുമായ അസ്ഗര്‍ അലി എഞ്ചിനീയര്‍ (74) അന്തരിച്ചു. ഏറെക്കാലമായി അസുഖബാധിതനായിരുന്നു. രാവിലെ എട്ട് മണിയോടെ മുംബൈയിലെ സാന്ദാക്രൂസ് ഈസ്റ്റിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. രാജസ്ഥാനിലെ സലൂംബറില്‍ ദാവൂദി ബോറ സമുദായത്തിലെ പുരോഹിത കുടുംബത്തിലായിരുന്നു ജനനം. ചെറുപ്പത്തില്‍ തന്നെ അറബിഭാഷയില്‍ പ്രാവീണ്യം നേടി. ഖുര്‍ആന്റെ വിവരണം, ആന്തരാര്‍ഥം എന്നിവയില്‍ അവഗാഹം നേടുന്നതിന് അസ്ഗര്‍ അലിയെ തുണച്ചത് പിതാവ് ഷെയ്ക് ഖുര്‍ബാന്‍ ഹുസൈന്‍ തന്നെയാണ്.
ഇന്‍ഡോറില്‍ നിന്ന് സിവില്‍ എഞ്ചിനീയറിങ് ബിരുദമെടുത്ത അസ്ഗര്‍ അലി രണ്ട് ദശാബ്ദത്തോളം ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനില്‍ എഞ്ചിനീയറായി പ്രവര്‍ത്തിച്ചു. 1970 കളുടെ ആരംഭത്തില്‍ തന്നെ സര്‍വീസില്‍ നിന്ന് വി.ആര്‍.എസ് എടുത്ത് സാമൂഹിക പരിവര്‍ത്തനത്തിലേക്ക് തിരിഞ്ഞു. തികഞ്ഞ പരിഷ്‌കരണവാദിയായി മാറിയ അസ്ഗര്‍ അലി തെക്കുകിഴക്കന്‍ ഏഷ്യയിലെ വംശീയആക്രമണത്തിനും വര്‍ഗീയതക്കുമെതിരെ ഒട്ടേറെ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.
ദാവൂദി ബോറ സമൂഹത്തിന്റെ ഭാരവാഹി എന്ന നിലയിലും തന്റെ രചനകളിലൂടെയും ഇന്ത്യക്കകത്തും പുറത്തും അസ്ഗര്‍ അലി എഞ്ചിനീയര്‍ അറിയപ്പെട്ടു. അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളിലും സെമിനാറുകളിലും ഒക്കെയായി ലോകമെമ്പാടും സഞ്ചരിച്ച് പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇസ്‌ലാം, സമാധാനം, മനുഷ്യാവകാശം എന്നീ വിഷയങ്ങളില്‍ ഊന്നിയായിരുന്നു പ്രഭാഷണങ്ങള്‍ ഏറെയും. 1980 ല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ് സ്ഥാപിച്ചു. 1993 ല്‍ സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സൊസൈറ്റി ആന്‍ഡ് സെക്കുലറിസത്തിന് തുടക്കമിട്ടു. 2004 ലില്‍ ദാവൂദി ബോറയില്‍ നിന്ന് അദ്ദേഹം പുറത്താക്കപ്പെട്ടു.
വിവിധ വിഷയങ്ങളിലായി അമ്പതോളം ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. എ ലിവിങ് ഫെയിത്; മൈ ക്വസ്റ്റ് ഫോര്‍ പീസ്, ഹാര്‍മണി ആന്‍ഡ് സോഷ്യല്‍ ചെയിഞ്ച് അദ്ദേഹത്തിന്റെ ആത്മകഥയാണ്. സാമുദായിക മൈത്രിക്ക് വേണ്ടി എക്കാലത്തും നിലകൊണ്ട വ്യക്തിത്വമായിരുന്നു അസ്ഗര്‍ അലി എഞ്ചിനീയര്‍.
ഇന്ത്യയിലെ വര്‍ഗീയ കലാപങ്ങളെക്കുറിച്ചുള്ള പഠനഗ്രന്ഥമായ കമ്യൂണല്‍ ഇന്‍ പോസ്റ്റ് ഇന്‍ഡിപെന്‍ഡന്‍സ് ഇന്ത്യ എന്ന കൃതിയുടെ എഡിറ്റര്‍ അസ്ഗര്‍ അലിയാണ്. ദി ഇസ്ലാമിക് സ്റ്റേറ്റ്, ദി ഒറിജിന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ഓഫ് ഇസ്ലാം, ഇസ്ലാം ആന്‍ഡ് റെവല്യൂഷന്‍, ഇസ്ലാം ഇന്‍ പോസ്റ്റ് മോഡേണ്‍ വേള്‍ഡ്, ഇസ്ലാം ഇന്‍ കണ്ടംപററി വേള്‍ഡ് തുടങ്ങിയവയാണ് പ്രധാന കൃതികള്‍. കേരള മുസ്ലിംസ്; എ ഹിസ്റ്റോറിക്കല്‍ പേര്‍സ്‌പെക്ടീവ് എന്ന പേരില്‍ ഒരു പുസ്തകം എഴുതിയിട്ടുണ്ട്.
0 comments:
Post a Comment