പെരിയ: സിപിഎം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി എം പൊക്ലനെ തഴഞ്ഞ് പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗം അഡ്വ. പി അപ്പുക്കുട്ടന്‍ ക്യാപ്റ്റനായി ഏരിയാതല ജാഥ തുടങ്ങി. ജില്ലയിലെ 12 ഏരിയ കമ്മിറ്റികളാണുള്ളത്. കാഞ്ഞങ്ങാട്ട് ഒഴികെ ബാക്കി 11 ഏരിയ കമ്മിറ്റികളുടെയും നേതൃത്വത്തിലുള്ള കാല്‍നട പ്രചരണജാഥ നയിക്കുന്നത് അതാത് ഏരിയ കമ്മിറ്റികളുടെ സെക്രട്ടറിമാരാണ്. എന്നാല്‍ കാഞ്ഞങ്ങാട് ഏരിയ കാല്‍നടജാഥയുടെ ക്യാപ്റ്റന്‍ സ്ഥാനം എം പൊക്ലന് ലഭിച്ചില്ല. ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ഏരിയ കമ്മിറ്റി യോഗം അംഗീകരിച്ചതനുസരിച്ചാണ് അഡ്വ പി അപ്പുക്കുട്ടനെ ജാഥാ ക്യാപ്റ്റനാക്കിയതെന്നാണ് ഔദേ്യാഗിക വിശദീകരണം. എം പൊക്ലന്‍ ഈ ജാഥയുടെ മാനേജര്‍ മാത്രമാണ്. വിലക്കയറ്റത്തിനെതിരെ ദേശവ്യാപകമായി സിപിഎം ആരംഭിക്കുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി മെയ് 20 മുതല്‍ 25 വരെ താലൂക്ക് ഓഫീസുകള്‍ ഉപരോധിക്കുന്നതിന്റെ പ്രചരണത്തിന്റെ ഭാഗമായാണ് ഏരിയ തലം കേന്ദ്രീകരിച്ച് കാല്‍നട പ്രചരണജാഥകള്‍ നടത്താന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ജാഥാ ലീഡര്‍ അതാത് ഏരിയ കമ്മിറ്റികളുടെ സെക്രട്ടറിമാരായിരിക്കണമെന്നും ഏരിയയില്‍പ്പെട്ട ജില്ലാ കമ്മിറ്റിയംഗമോ ഏരിയ കമ്മിറ്റിയിലെ മുതിര്‍ന്ന അംഗമോ മാനേജര്‍മാരായിരിക്കണമെന്നുമുള്ള നിര്‍ദ്ദേശവും ഉണ്ടായിരുന്നു. എന്നാല്‍ കാഞ്ഞങ്ങാട് ഏരിയയില്‍ ഈ നിര്‍ദ്ദേശത്തിന് വിരുദ്ധമായി ഏരിയ സെക്രട്ടറി ജാഥ മാനേജരായി ഒതുക്കപ്പെട്ടു. ജില്ലാ കമ്മിറ്റിയംഗം ജാഥയുടെ നായകനുമായി. ഏരിയ സെക്രട്ടറിമാരായ കെ ആര്‍ ജയാനന്ദ(മഞ്ചേശ്വരം), രഘുനാഥന്‍(കുമ്പള), ബി കെ നാരായണന്‍(കാറഡുക്ക), എസ് ഉദയകുമാര്‍(കാസര്‍കോട്), കെ വി കുഞ്ഞിരാമന്‍(ഉദുമ), ടി കെ രവി(നീലേശ്വരം), എം വി കൃഷ്ണന്‍(പനത്തടി), സാബു എബ്രഹാം(എളേരി), കെ പി വത്സലന്‍(ചെറുവത്തൂര്‍), ഡോ.വി പി പി മുസ്തഫ(തൃക്കരിപ്പൂര്‍) എന്നിവരാണ് ജാഥാ ക്യാപ്റ്റന്‍മാര്‍. ബേഡകത്ത് ജാഥ നയിക്കുന്നത് ഏരിയ സെക്രട്ടറിയുടെ ചുമതലയുള്ള ജില്ലാ സെക്രട്ടറിയേറ്റംഗം എം രാജഗോപാലനാണ്. ഫലത്തില്‍ 11 ഏരിയകളിലും സെക്രട്ടറിമാര്‍ ജാഥ നയിക്കുമ്പോള്‍ കാഞ്ഞങ്ങാട്ട് ഏരിയ സെക്രട്ടറി നായകപദവിയില്‍ നിന്ന് ഒഴിവാക്കപ്പെടുകയോ ഒഴിവാകുകയോ ചെയ്യുകയായിരുന്നു. എം പൊക്ലന്‍ ഏരിയ സെക്രട്ടറി മാത്രമല്ല, പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗവും കൂടിയാണ്. ഏരിയ സെക്രട്ടറി ജാഥ ക്യാപ്റ്റനാകാത്ത സംഭവം പാര്‍ട്ടി കേന്ദ്രങ്ങളില്‍ ഇപ്പോള്‍ സജീവ ചര്‍ച്ചയാണ്. വിലക്കയറ്റത്തിനെതിരെ രണ്ടുവര്‍ഷം മുമ്പ് സംഘടിപ്പിച്ച ഇതുപോലുള്ള കാല്‍നട പ്രചരണജാഥയുടെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് പൊക്ലന്‍ ഇതേ രീതിയില്‍ ഒഴിവാക്കപ്പെട്ടിരുന്നു. അന്നും ജാഥാ ക്യാപ്റ്റന്‍ പി അപ്പുക്കുട്ടന്‍ തന്നെയായിരുന്നു. ആ ജാഥയുടെ അവലോകന റിപ്പോര്‍ട്ട് വിവിധ ബ്രാഞ്ച് കമ്മിറ്റികളില്‍ ചര്‍ച്ചക്ക് വന്നപ്പോള്‍ നേതൃത്വം അണികളില്‍ നിന്ന് കടുത്ത വിമര്‍ശനം നേരിട്ടിരുന്നു. മറ്റ് ഏരിയകളില്‍ നിന്ന് വ്യത്യസ്ഥമായി കാഞ്ഞങ്ങാട്ട് പാര്‍ട്ടിക്കകത്ത് ഇത്തരത്തിലുള്ള സമീപനം ഉരുത്തിരിഞ്ഞുവരുന്നത് അണികളില്‍ സംശയത്തിന്റെ നിഴല്‍ സൃഷ്ടിച്ചിട്ടുണ്ട്..
0 comments:
Post a Comment